കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവത്തിന് ആരംഭംകുറിച്ച് ചെറുഭരണിക്കു കൊടിയേറി. പരമ്പരാഗത അവകാശിയായ കാവിൽ വീട്ടിൽ കാരണവരും സംഘവും ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കുന്നതാണ് ചെറുഭരണി നാളിലെ പ്രധാനചടങ്ങ്. കാവിൽവീട്ടിൽ കുടുംബാംഗങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കേനടയിലൂടെ ക്ഷേത്രാങ്കണത്തിൽ എത്തി. വലിയതമ്പുരാൻ നൽകിയ അധികാര ചിഹ്നമായ പവിഴമാല ധരിച്ചാണ് അവകാശിയായ ആനന്ദൻ എത്തിയത്.
ഇവർ ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തിയതോടെ അടികൾമാരും ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും അടക്കം പ്രദക്ഷിണ വഴി ഒഴിഞ്ഞ് കാത്തുനിന്നു. ആനന്ദനും അനന്തരവകാശി ശിവകുമാറും മൂന്നുവട്ടം ക്ഷേത്രപ്രദക്ഷിണം നടത്തിയതിനു ശേഷം വടക്കേ നടയിലെ കോഴിക്കല്ലിൽ പട്ടും താലിയും സമർപ്പിച്ചു ദേവിയെ വണങ്ങി. അതോടെ ക്ഷേത്രത്തിലെ ആൽമരങ്ങളും പന്തലുകളിലും കൊടിക്കൂറകൾ ഉയർന്നു. ഭരണി നാളിലെ വെന്നിക്കൊടി നാട്ടലോടെ ഭരണി മഹോത്സവം സമാപിക്കും.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി. അജയൻ, കമ്മീഷ്ണർ എസ്.ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷ്ണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.കെ. ഭരതൻ, സെക്രട്ടറി വി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.